പ്രാര്‍ത്ഥന; ആത്മബന്ധത്തിന്റെ താക്കോല്‍

Adonai Jesus

Adonai Jesus

July 25, 2025

Blog Image

വീണ്ടും വരുന്നവനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നേഹവന്ദനം. അനുഗ്രഹിക്കപ്പെട്ട ഒരു ദിനത്തിനായി കര്‍ത്താവിന് സ്തുതി.


ദൃഢവും ഹൃദ്യവുമായ വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനം കമ്യൂണിക്കേഷനാണ്. കമ്യൂണിക്കേഷനില്ലാത്ത ബന്ധം തുറക്കാത്ത വാതില്‍ പോലെയാണ്. കാലങ്ങളോളം അടഞ്ഞ് കിടന്ന വാതില്‍ തുറക്കുമ്പോള്‍ അരോചകമായ ശബ്ദവും അല്പം ബലംപിടുത്തവും ഉണ്ടാകും, ഒരു ഊഷ്മളത അനുഭവപ്പെടുകയില്ല. മനുഷ്യരോടുള്ള ബന്ധത്തില്‍ മാത്രമല്ല ദൈവത്തോടുള്ള ബന്ധത്തിലും കമ്യൂണിക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്.


ദൈവവുമായി അഭേദ്യമായ ഒരു ബന്ധം ഓരോ ദൈവ പൈതലിന്റേയും ജീവിതത്തില്‍ അനിവാര്യമാണ്. കൂട്ടായ്മയും കൂടിച്ചേരലുമാണ് ഊഷ്മളമായ ബന്ധം ഉടലെടുക്കുന്നതിന് ആവശ്യമായി വരുന്നത്. പ്രാര്‍ത്ഥനയില്‍ ഇവ രണ്ടും സംഭവിക്കുന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത് പ്രാര്‍ത്ഥിക്കുമ്പോള്‍ നീ അറയില്‍ കടന്ന് വാതില്‍ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞത്. നീ പ്രാര്‍ത്ഥനയ്ക്കായ് ദൈവ സന്നിധിയില്‍ മുട്ടുകളെ മടക്കുമ്പോള്‍ അവന്‍ നിനക്കരുകിലേക്ക് ഇറങ്ങി വരും.


പ്രാര്‍ത്ഥന ഒരു ചടങ്ങ് ആകാതെ ശ്രദ്ധിക്കണം. കാരണം, അത് ആരേയും ബോധിപ്പിക്കുന്നതിന് വേണ്ടിയല്ല. എന്റെ ദൈവമല്ലേ, എന്നെ അറിയാമല്ലോ, എന്നെ മനസിലാകും അങ്ങനെയുള്ള ചിന്തയാണ് നമുക്കുള്ളത്. അത് യാഥാര്‍ത്ഥ്യമാണ്, ദൈവത്തിന് നമ്മെ അറിയാം. എന്നാല്‍, നമുക്ക് ദൈവത്തെ എത്രമാത്രം അറിയാം? ആരാണ് നമുക്ക് ദൈവം? എന്നീ മര്‍മ്മങ്ങള്‍ വെളിപ്പെടുന്നത് പ്രാര്‍ത്ഥനയിലാണ്.

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹവുമായി എത്രപേര്‍ക്ക് ആത്മബന്ധമുണ്ട്. അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും തുടര്‍മാനമായി സംബര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ്. എന്നാല്‍ ഇക്കൂട്ടത്തിലും രണ്ട് തരം ആളുകളെ കാണുവാന്‍ സാധിക്കും ഔദ്യോഗിക ആവശ്യത്തിന് മാത്രമായി ബന്ധപ്പെടുന്നവരും അല്ലതെ ബന്ധം സൂക്ഷിക്കുന്നവരും. എന്നാല്‍ അനൗദ്യോഗികമായി ഇടപഴകുന്നവരുമായിട്ടായിരിക്കും ആത്മബന്ധം രൂപപ്പെടുക. ഔദ്യോഗിക ബന്ധം ചട്ടത്താല്‍ നിയന്ത്രിക്കപ്പെടുന്നതാണ്.

നമ്മുടെ പ്രാര്‍ത്ഥനകളും പലപ്പോഴും ഔദ്യോഗികമാറില്ലേ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. കര്‍ത്താവ് നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് ഔദ്യോഗികമായ ഒരു ബന്ധമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏദന്‍തോട്ടത്തില്‍ എല്ലാം ദിവസവും വൈകുന്നേരങ്ങളില്‍ ദൈവം ഇറങ്ങി വരുമായിരുന്നു, ആദാമിനോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടി. അവിടെ അവര്‍ തമ്മില്‍ സംസാരിക്കുമായിരുന്നു. പാപം ചെയ്ത ആദാം നഷ്ടപ്പെടുത്തിയത് ഈ കൂട്ടായ്മയാണ്. എന്നാല്‍ സ്‌നേഹനിധിയായ പിതാവാം ദൈവം തന്റെ ഏകജാതനായ പുത്രനെ തന്ന് ആ കൂട്ടായ്മയിലേക്ക് നമ്മെ വീണ്ടെടുത്തു. ആ കൂട്ടായ്മയാണ് പ്രാര്‍ത്ഥനയില്‍ സംഭവിക്കേണ്ടത്.


ഇന്ന് പ്രാര്‍ത്ഥന എന്നത് നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള മാധ്യമമായി മാത്രം മാറിയിരിക്കുന്നു. അതിനപ്പുറത്തേക്ക് പ്രാര്‍ത്ഥനയുടെ പ്രാധാന്യമോ ശക്തിയോ അറിയാതെ പോകുന്നു. തീര്‍ച്ചയായും പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ആവശ്യങ്ങള്‍ നമുക്ക് ദൈവ സന്നിധിയില്‍ അറിയിക്കാം, എന്നാല്‍ അത് മാത്രമല്ല പ്രാര്‍ത്ഥന. നമ്മുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും എഴുതി തയാറാക്കിയ പുസ്തകങ്ങളിലെ അക്ഷരങ്ങളുടെ ആവര്‍ത്തനങ്ങളാണ്. അതിനുമപ്പുറമുള്ളവ ദൈവ മുമ്പാകെ വയ്ക്കുന്ന ആവശ്യങ്ങളുടെ ലിസ്റ്റാണ്.


നിങ്ങളുടെ മകനോ മകളോ ദിവസവും രാവിലെയും വൈകിട്ടും മാത്രം പരമാവധി അരമണിക്കൂര്‍ മാത്രമാണ് നിങ്ങളോട് സംസാരിക്കുന്നത് എന്ന് കരുതുക. അതും എന്നും ഒരേ കാര്യങ്ങള്‍ മാത്രം. പിന്നെ അവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അതും പറയും. അതിന് അപ്പുറത്തേക്ക് ഒന്നും സംസാരിക്കില്ല. എന്ന് മാത്രമല്ല, നിങ്ങള്‍ പറയുന്നത് അവര്‍ കേള്‍ക്കുകയോ അതിന് മറുപടി നല്‍കുകയോ ഇല്ല. ചുരുക്കി പറഞ്ഞാല്‍ ഒരു റേഡിയോ പോലെ, പതിയെ പതിയെ അവര്‍ പറയാന്‍ പോകുന്നത് അവരെ കാണുമ്പോഴെ നിങ്ങള്‍ അങ്ങോട്ട് പറയുന്ന അവസ്ഥയില്‍ എത്തും. എത്ര അരോചകമായിരിക്കും ആ ബന്ധം എന്ന് ഒന്ന് ചിന്തിച്ച് നോക്കിക്കേ. ആരെങ്കിലും നിങ്ങളുടെ മക്കളുമായി അത്തരത്തിലൊരു ബന്ധം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ദൈവവും അങ്ങനെ തന്നെയാണ്. കാരണം കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം അവന്‍ നമ്മെ മക്കളാക്കി തീര്‍ത്തിരിക്കുന്നു.

1 യോഹന്നാന്‍ 3:1 'കാണ്മിന്‍ നാം ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുവാന്‍ എത്ര വലിയ ഭാഗ്യം നല്‍കിയിരിക്കുന്നു.'

ദൈവത്തിന്റെ സ്വന്തജനം എന്നാണ് യിസ്രായേലിനെ ദൈവം വിശേഷിപ്പിക്കുന്നത്. എന്നാല്‍ നമ്മേക്കുറിച്ചോ, മക്കള്‍ എന്ന പദവിയാണ് നമുക്ക് തന്നിരിക്കുന്നത്.


പ്രാര്‍ത്ഥന വ്യക്തിപരമാണ്. അവിടെ ഉടലെടുക്കുന്നത് വ്യക്തിബന്ധമാണ്. ഞാന്‍ മനസിലാക്കിയ ഒരു കാര്യം എന്തെന്നാല്‍ നമുക്ക് ഒരിക്കലും ഒരാളുടെ പ്രാര്‍ത്ഥന അനുകരിക്കാന്‍ സാധിക്കില്ല, പ്രാര്‍ത്ഥന ശീലത്തെ അനുകരിക്കാം. ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വലിയ മാതൃക യേശുക്രിസ്തുവാണ്. ക്രിസ്തുവിന്റെ പ്രാര്‍ത്ഥന ശീലം അനുകരിക്കപ്പെടേണ്ടതാണ്. പകല്‍ ശിഷ്യന്മാര്‍ക്കൊപ്പം സഞ്ചരിച്ച് ദൈവരാജ്യം സുവിശേഷിക്കുകയും അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച യേശു രാത്രി മലമുകളിലേക്ക് കയറി പോയി പ്രാര്‍ത്ഥിച്ചു.

ലൂക്കോസിന്റെ സുവിശേഷം എട്ടാം അധ്യായം 28ാം വാക്യത്തില്‍ യേശു പത്രോസിനേയും യാക്കോബിനേയും യോഹന്നാനേയും കൂട്ടിക്കൊണ്ട് പ്രാര്‍ത്ഥിക്കാനായി മലയിലേക്ക് കയറി പോകുന്നത് കാണാം. 37ാം വാക്യം തുടങ്ങുന്നത് പിറ്റേന്നാള്‍ അവര്‍ മലയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ എന്നാണ്. അതായത് ഒരു രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥനയില്‍ ആയിരുന്നു എന്ന് കാണാം. ഇതേ അധ്യായത്തിന്റെ 18ാം വാക്യത്തില്‍ യേശു തനിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്ന് കാണാം. യേശു തന്റെ പരസ്യ ശുശ്രൂഷയില്‍ ഏറിയ പങ്കും ചെലവിട്ടത് പ്രാര്‍ത്ഥനയില്‍ ആയിരുന്നു.

ലൂക്കോസിന്റെ സുവിശേഷം ആറിന്റെ 12ലും രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതായി കാണാം. യേശുവിന്റെ പ്രാര്‍ത്ഥന എന്നത് പിതാവാം ദൈവവുമായുള്ള കമ്യൂണിക്കേഷന്‍ ആയിരുന്നു. അപ്പനും മകനും തമ്മിലുള്ള ബന്ധത്തില്‍ കമ്യൂണിക്കേഷന്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് യേശു കാണിച്ചു തന്നു. പ്രാര്‍ത്ഥന കര്‍ത്താവുമായുള്ള വ്യക്തി ബന്ധത്തിന്റെ താക്കോലാണ്. അതിലൂടെ മാത്രമേ ദൈവവുമായി ആഴമായ ആത്മബന്ധം രൂപപ്പെടുത്തുവാന്‍ കഴിയുകയുള്ളു.


നമ്മുടെ പ്രാര്‍ത്ഥനയെ നമുക്കൊന്ന് ആഴമായി പരിശോധിക്കാം. ഞാന്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്, എന്റെ പ്രാര്‍ത്ഥന എന്നത് കേവലം ഒരു ചടങ്ങാണോ? എന്റെ പ്രാര്‍ത്ഥനയില്‍ എനിക്ക് ദൈവവുമായി കണക്ടാകുവാന്‍ സാധിക്കുന്നുണ്ടോ? ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് അവതരണമായി എന്റെ പ്രാര്‍ത്ഥന മാറുന്നുണ്ടോ?


ഒരു നിമിഷം ദൈവ സന്നിധിയില്‍ ആയിരിക്കാം. ഇത് വായിച്ച് തീര്‍ന്ന ശേഷം ദൈവത്തോട് തന്നെ ചോദിക്കാം. ഇന്ന് വരെ ഞാന്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ ദൈവമേ അങ്ങയെ പ്രസാദിപ്പിക്കുന്നത് ആയിരുന്നോ? കര്‍ത്താവുമായി കണക്ടടാകുവാന്‍ അവിടുന്ന് എന്റെ ഹൃദയത്തില്‍ ഇടപെടണമേ...

നിങ്ങളുടെ പ്രാര്‍ത്ഥന, ജീവിതത്തില്‍ പുതിയ ഉണര്‍വ്വിനെ കൊണ്ടുവരും. ദൈവവുമായുള്ള ബന്ധം നിങ്ങളുടെ ആത്മീക ഭൗതീക തലങ്ങളില്‍ പ്രതിഫലിക്കുന്നത് വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.


പ്രിയ പിതാവേ, പരിശുദ്ധാത്മാവിനാല്‍ അവിടുന്ന് പകര്‍ന്നു തന്ന വെളിപ്പാടുകളെ മനസിലാക്കുവാന്‍ ഒരോ വ്യക്തികളുടേയും ഹൃദയങ്ങളെ അവിടുന്ന് തുറക്കേണമേ...

പിതാവാം ദൈവത്തിന്റെ സ്‌നേഹവും ഏകജാതനായ പുത്രന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സംബന്ധവും സഹവാസവും ഇത് വായിക്കുന്ന ഓരോ വ്യക്തിയോടും അവരുടെ പ്രിയപ്പെട്ടവരോടും ദേശത്തോടും എന്നേക്കും ഉണ്ടായിരിക്കുമാറാകട്ടേ... ആമേന്‍!