പ്രാര്‍ത്ഥനയുടെ സമയം

Adonai Jesus

Adonai Jesus

August 7, 2025

Blog Image

പ്രാര്‍ത്ഥനയ്ക്ക് ഒരു പ്രത്യേക സമയം ഉണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ കണ്ടേക്കാം. ചില എപ്പിസ്‌കോപ്പല്‍ സഭകളില്‍ ഏഴ് യാമങ്ങളാണ് പ്രാര്‍ത്ഥനയക്കായ് ക്രമീകരിച്ചിട്ടുള്ളത്. വിശ്വാസികളുടെ സൗകര്യത്തിന് വേണ്ടി എഴ് യാമപ്രാര്‍ത്ഥനകളേയും സന്ധ്യ, പ്രഭാതം എന്നിങ്ങനെ രണ്ടായി ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രത്യേക സമയം ക്രമീകരിച്ച് ഓരോ സമയത്തിനും ഓരോ പ്രാര്‍ത്ഥന എന്ന നിലയിലാണോ പ്രാര്‍ത്ഥിക്കേണ്ടത് എന്ന് ചോദിച്ചാല്‍ എന്താണ് പ്രാര്‍ത്ഥന എന്ന ചോദ്യത്തിലേക്കും അതിന്റെ ഉത്തരത്തിലേക്കും മടങ്ങി പോകേണ്ടി വരും. കൃപയാല്‍ മുന്‍പ് അതിനേക്കുറിച്ച് ചിന്തിക്കുവാന്‍ നമുക്ക് സാധിച്ചു.

അപ്പനും മക്കളും തമ്മിലുള്ള ബന്ധത്തില്‍ സമയത്തിന് പ്രസക്തിയില്ല. തമ്മില്‍ കാണുമ്പോഴോ പരസ്പരം കണക്ടായിരിക്കുന്ന ഏതു സമയത്തും അവര്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താന്‍ സാധിക്കും. മക്കള്‍ സംസാരിക്കാനായി വരുമ്പോള്‍, 'ഇന്നത്തെ സമയം കഴിഞ്ഞു... 'നാളെ വാ', 'ഇന്ന ദിവസം ഇന്ന സമയം മുതല്‍ ഇന്ന സമയം വരെയാണ് നിനക്ക് എന്നോട് സംസാരിക്കാനുള്ള സമയം', എന്നോ ഒരു അപ്പനും മക്കളോട് പറയില്ല,

ദൈവവുമായുള്ള നമ്മുടെ ബന്ധവും ക്രിസ്തുയേശു മുഖാന്തിരം അപ്രകാരമുള്ളതാണ്. ആ തിരിച്ചറിവ് നമ്മുടെ പ്രാര്‍ത്ഥനയെ സ്വാധീനിക്കും. ഇവിടെ പ്രധാനം ലഭ്യതയാണ്. നമുക്ക് ഏറ്റവും അടുത്തുള്ള ദൈവത്തോട് സംസാരിക്കാന്‍ നാം അവനോട് അടുത്ത് വരണ്ടേത് ആവശ്യമാണ്. ആ അടുപ്പം ഉണ്ടാകുന്നത് യേശുക്രിസ്തുവിലൂടെയാണ്. പിതാവാം ദൈവത്തെ നമ്മോട് അടുപ്പിക്കുന്നത് യേശുക്രിസ്തുവാണ്. യോഹന്നാന്‍ 14:6 'യേശു അവനോട്: ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല. പിതാവിലേക്കുള്ള ഏക വഴി യേശുക്രിസ്തുവാണ്.

റോമര്‍: 10:9,10 'യേശുവിനെ കര്‍ത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ട് നീതിക്കായ് വിശ്വസിക്കുകയും വായ് കൊണ്ട് രക്ഷയ്ക്കായ് ഏറ്റുപറയുകയും ചെയ്യുന്നു.'

മനുഷ്യനേയും ദൈവത്തേയും തമ്മില്‍ അകറ്റിയത് പാപം ആയിരുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ച് അവനെ ഏദനില്‍ ആക്കി. വൈകുന്നേരം തോട്ടത്തില്‍ വെയില്‍ താഴുമ്പോള്‍ ആദാമുമായി സംസാരിക്കാന്‍ ദൈവം ഇറങ്ങി വരുമായിരുന്നു. പാപം ചെയ്തപ്പോള്‍ ദൈവം അവനെ തോട്ടത്തില്‍ നിന്ന് പുറത്താക്കുകയും ഈ കൂട്ടായ്മ അവസാനിക്കുകയും ചെയ്തു. എന്നാല്‍ യേശു ക്രിസ്തു മുഖാന്തിരം അതിനെ പിതാവാം ദൈവം പുനഃസ്ഥാപിക്കുകയാണ്.

നമ്മുടെ വിഷയത്തിലേക്ക് നമുക്ക് മടങ്ങി വരാം. എപ്പോഴാണ് പ്രാര്‍ത്ഥിക്കേണ്ടത്?

പ്രാര്‍ത്ഥനയ്ക്കായ് പ്രേത്യേകിച്ച് സമയമില്ല. എപ്പോഴും പ്രാര്‍ത്ഥിക്കാം. എവിടേയും പ്രാര്‍ത്ഥിക്കാം. ജോലിയിലും ആയിരിക്കുന്ന സ്ഥലമോ സാഹചര്യമോ സമയമോ പ്രാര്‍ത്ഥനയ്ക്ക് പ്രശ്‌നമല്ല, ഹൃദയമാണ് പ്രധാനം. അപ്പനുമായി ബന്ധം പുലര്‍ത്തുന്ന ഹൃദയം. ദാവീദ് പറയുന്നു, അവന്റെ സ്തുതി എപ്പോഴും എന്റെ നാവില്‍ ഇരിക്കുന്നു. പൗലോസ് പറയുന്നത്, പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ എന്നാണ്.

ഇടവിടാതെ പ്രാര്‍ത്ഥിക്കുക. ഇത് സാധ്യമാണോ എന്ന് പ്രായോഗികമായി ചിന്തിച്ചാല്‍ പ്രായോഗികമാണ്. നമ്മുടെ പ്രാര്‍ത്ഥന ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് മാത്രമാകുന്നിടത്തോളം ഇടവിടാതെ പ്രാര്‍ത്ഥിക്കാനോ മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കാനോ സാധിച്ചെന്ന് വരത്തില്ല. പ്രാര്‍ത്ഥന സ്വര്‍ഗവുമായി നമ്മെ കണക്ട് ചെയ്യുന്നു. ദാനിയേല്‍ പ്രവചനത്തിലൂടെ കടന്ന് പോകുമ്പോള്‍ ദാനിയേല്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മറുപടിയുമായി ദൂതന്‍ വരുന്നത് കാണാം. അതിനര്‍ത്ഥം ദാനിയേലിന്റെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തി എന്നത് തന്നെയാണ്. സ്‌തേഫാനോസിനെ കല്ലെറിഞ്ഞ് കൊല്ലുമ്പോള്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന അപ്പോസ്‌തോല പ്രവര്‍ത്തികളില്‍ നമുക്ക് കാണാം. അവിടെ സ്വര്‍ഗ്ഗം തുറന്ന് വരികയാണ്.

പ്രാര്‍ത്ഥന ഒരു ചെറിയ കാര്യമല്ല. മറ്റെന്തിനേക്കാളും പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യമുണ്ട്. പ്രാര്‍ത്ഥന നമ്മുടെ സാഹചര്യങ്ങളെ മാറ്റും, പ്രാര്‍ത്ഥന അത്ഭുതങ്ങളെ കൊണ്ടുവരും. പ്രാര്‍ത്ഥനയ്ക്ക് അടഞ്ഞ വാതിലകളെ തുറക്കാന്‍ സാധിക്കും. മരണത്തേയും മാറ്റുവാന്‍ സാധിക്കും. യെശയ്യാവിന്റെ പ്രവചനം 38ാം അധ്യായത്തില്‍ ഹിസ്‌കിയാവിന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം അവന്റെ ആയുസിനെ നീട്ടിക്കൊടുക്കുന്നത് നമുക്ക് കാണാം. ഹിസ്‌കിയാവിന്റെ പ്രാര്‍ത്ഥനയ്ക്കുള്ള യഹോവയുടെ മറുപടി ഇപ്രകാരമാണ്, 'ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു, നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്റെ ആയുസിനോട് 15 സംവത്സരം കൂട്ടും'.

പ്രാര്‍ത്ഥന ദൈവവുമായി ബന്ധപ്പെടാനുള്ള മാധ്യമമാണ് എന്ന് നമ്മള്‍ മുമ്പ് കണ്ടു. എന്നാല്‍ അത് മാത്രമല്ല, സ്വര്‍ഗ്ഗം തുറക്കാനുള്ള താക്കോലാണ്. പ്രാര്‍ത്ഥിക്കുന്നവന് മുന്നില്‍ സ്വര്‍ഗ്ഗം തുറക്കും. അവന് വേണ്ടി ദൈവം ദൂതന്മാരെ അയക്കും. പ്രാര്‍ത്ഥന മനുഷ്യനായ ദാനിയേലിന്റെ മുന്നില്‍ സിംഹങ്ങളുടെ വായ് അടച്ച ദൈവം, ശദ്രക്ക്, മേശക്ക്, അബേദ്‌നെഗോവിനൊപ്പം തീച്ചൂളയില്‍ നാലാമനായ് ഇറങ്ങിയ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരുവാന്‍ പോകുന്നു. ഇന്ന് വരേയും എന്റെ പ്രാര്‍ത്ഥനയ്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല എന്ന് സങ്കടപ്പെടുന്നവരാണെങ്കില്‍ പരിശുദ്ധാത്മാവ് നിങ്ങളോട് ഓര്‍മിപ്പിക്കുന്നു, നിന്റെ മുന്നില്‍ മരണകരമായ തീച്ചൂളകള്‍ അണഞ്ഞു പോകും, കടിച്ചു കീറുന്ന വായ്കള്‍ അടഞ്ഞു പോകും. കാരണം ദാനിയേലിന്റെ ദൈവമായവന്‍ നിന്റെ പിതാവാണ്.

നമ്മുടെ പ്രാര്‍ത്ഥനകള്‍ ഹൃദയത്തില്‍ നിന്നാകട്ടെ. ഹൃദയം ദൈവസന്നിധിയില്‍ പകരുന്നതാകട്ടെ. അവിടെ ഭാഷയോ ശൈലിയോ ഒരു വിഷയമല്ല. പിതാവേ എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കാനാണ് യേശു ശിഷ്യമാരെ പഠിപ്പിച്ചത്. അപ്പന്റെ മുന്നിലെന്നപോലെ നമ്മുടെ ഹൃദയത്തെ ദൈവസന്നിധിയില്‍ പകരാം. നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ അത്ഭുതകരമായ ദൈവ പ്രവര്‍ത്തികള്‍ വെളിപ്പെടുന്ന ദിവസങ്ങളായിരിക്കട്ടെ വരും ദിവസങ്ങള്‍.

പ്രിയ പിതാവേ, അവിടുത്തെ സ്‌നേഹത്തിനും കരുതലിനുമായി നന്ദി പറയുന്നു. അനുഗ്രഹിക്കപ്പെട്ട ഈ സമയം, അവിടുന്ന് പരിശുദ്ധാത്മാവിനാല്‍ പകര്‍ന്ന മര്‍മ്മങ്ങള്‍ ഇത് വായിച്ച ഓരോ വ്യക്തിയുടെ ജീവിതത്തിലും വെളിപ്പെടുവാനും അങ്ങയോടുള്ള സ്‌നേഹത്തിലും ആഴമായ ബന്ധത്തിലും തുടരുവാനും കൃപ നല്‍കേണമേ.

പിതാവാം ദൈവത്തിന്റെ സ്‌നേഹവും ഏകജാതനായ പുത്രന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സംബന്ധവും സഹവാസവും നാം എല്ലാവരോടും എന്നുമെന്നേയ്ക്കും ഉണ്ടാകുമാറാകട്ടേ... ആമേന്‍.!